നമുക്ക് ബ്ലോഗ്‌ എഴുത്തിലേക്കു മടങ്ങാം അല്ലെ! Let us go back to the blogging!

No Comments

 നമുക്ക് ബ്ലോഗ്‌ എഴുത്തിലേക്കു മടങ്ങാം അല്ലെ! Let us go back to the blogging!


കഴിഞ്ഞ ദിവസം സുഹൃത്തിൻറെ കത്തിലൂടെ ലഭിച്ച താക്കീതാണ് വീണ്ടും മലയാളം ബ്ലോഗിലേക്ക് എത്തിനോക്കാൻ ഇടയായത്!

സത്യത്തിൽ നമ്മുടെ മലയാളം ബ്ലോഗ്‌ എഴുത്ത് "പടിയടച്ചു പിണ്ഡം വെച്ചു" എന്നു പറഞ്ഞതുപോലെ അസ്തമിച്ചു പോയോ എന്ന സംശയത്തിൽ നിൽക്കുമ്പോഴാണ് പ്രിയ മിത്രത്തിന്റെ നീണ്ട കുറിപ്പും ഒപ്പം ഒരു താക്കീതും! 
"എന്താ മാഷേ, ഇയാൾ ഇങ്ങനെ നമ്മുടെ മാതൃഭാഷയെ മറന്നു അംഗലീയത്തെ മാത്രം  പുണരുന്ന പ്രക്രിയ നല്ലതല്ല കേട്ടോ!"

അതിനു ഞാൻ കൊടുത്ത മറുപടി.
"ഭായ് പത്തു പുത്തൻ തടയുന്നിടത്തല്ലേ ആരും നോക്കൂ!!! 
മലയാളത്തിൽ അതില്ലല്ലോ! അതാ മാഷേ ഞാൻ..."
അയാൾ വിട്ടില്ല,

"ആയിക്കോളൂ അതിനാണല്ലോ നാമെല്ലാ കഷ്ടപ്പെടുന്നതും ശ്രമിക്കുന്നതും, എന്നാലും മലയാളത്തെ മൊത്തമായി അങ്ങനെ മറക്കാൻ ഭായിക്ക് കഴിയുമോ?"

 "താങ്കളെപ്പോലെയുള്ളവർ മലയാള ഭാഷയെ മറന്നു പോവുക!
 ഓർക്കാൻ കൂടി കഴിയില്ല കേട്ടോ ഭായ്!"
"താങ്കളുടെ ഒരു തിരിച്ചു വരവിനായി ഞാൻ കാത്തിരിക്കുന്നു!"
അയാൾ പറഞ്ഞു നിർത്തി്!
ദിവസം മുഴുവനും സുഹൃത്തിൻറെ വാക്കുകൾ മറ്റൊലിക്കൊണ്ടേയിരുന്നു.
അവൻ പറഞ്ഞതിലും കാര്യമുണ്ടല്ലോ്! ഞാൻ ഓർത്തു,

എന്നെപ്പോലെയാണോ മറ്റു പലരും മലയാളം ബ്ലോഗ്‌ എഴുത്തിനു വിരാമം ഇട്ടതു?

ഞാൻ വീണ്ടും ഓർത്തു, 
അല്ല, എന്റേതു ഒരു ഒറ്റപ്പെട്ട സംഭവം മാത്രം! ഞാൻ സമാധാനിച്ചു! 
പലരും സോഷ്യൽ മീഡിയകളിൽ കുടുങ്ങിക്കിടക്കുന്നത് പോലെ തോന്നുന്നു!

അതെ, സോഷ്യൽ മീഡിയകളുടെ അതിപ്രസരം പല മികച്ച ബ്ലോഗ്‌ എഴുത്തുകാരെയും ഒരു മന്ദതയിലേക്ക് നയിച്ചു എന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. ബ്ലോഗ്‌ എഴുത്തുകൾ മൊത്തമായി സോഷ്യൽ മീഡിയകൾ കടമെടുത്തത് പോലെ!

നല്ല രീതിയിൽ രചനകൾ നടത്തിയവരിൽ ഒരു നല്ല പങ്കും ഇപ്പോൾ സോഷ്യൽ മീടിയകളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നു. സുഹൃത്ത് പറഞ്ഞതുപോലെ ഇതിനൊരു മാറ്റം വരേണ്ടതുണ്ട്. നമുക്ക് നിരവധി കൂട്ടായ്മകൾ ഉണ്ടെങ്കിലും ആരും ബ്ലോഗിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു കാണുന്നില്ല, എന്താണിതിനു കാരണം?
ചില പ്രീയപ്പെട്ട മിത്രങ്ങൾ തങ്ങളുടെ ബ്ലോഗുകൾ സജീവമാക്കി കൊണ്ടു തന്നെ പോകുന്നു എന്ന സത്യം വിസ്മരിച്ചു കൊണ്ടല്ലാ ഇത് എഴുതിയത്! ഒരു മിന്നൽ പരിശോധനയിൽ ചില മിത്രങ്ങൾ സജീവമായി തന്നെ തുടരുന്നതും കാണാൻ കഴിഞ്ഞു. 
അങ്ങനെയുള്ളവർക്ക് അഭിനന്ദനങ്ങൾ.

എന്തായാലും നമുക്കൊന്ന് ഉണരാം ബ്ലോഗിൻറെ ജാലകം തുറക്കാം! 
ഈ ചെറിയ മന്ദതക്ക് വിരാമം ഇടാം!
അതിനൊരു തുടക്കം ഞാൻ ഇവിടെ തുടങ്ങട്ടെ!
സുഹൃത്തുമായുള്ള സംഭാഷണം, ശേഷം ഞാൻ വളരെ കരുതുകയും ഒരു പരിധി വരെ പങ്കെടുത്തു കൊണ്ടിരുന്നതുമായ മനസ്സ് എന്ന മലയാളത്തിൻറെ സൌഹൃദ കൂട്ടായ്മയിലേക്ക് തന്നെ പോയി.

അവിടെ കണ്ട പ്രിയ മിത്രത്തിന്റെ ഒരു കുറിപ്പ് എന്നെ വളരെ ചിന്തിപ്പിച്ചു, അതിനൊരു മറുപടിയും അവിടെ കുറിച്ചു 

അത്,  ഇപ്പോൾ കത്തി നിൽക്കുന്ന നാം കേരളീയർ കണ്ണു നീരോടെ സാക്ഷ്യം വഹിച്ച വിഷയം തന്നെ.  കൊല്ലത്തു നടന്ന ദാരുണ സംഭവം നമുക്കു നടുക്കത്തോട്‌ തന്നേ കാണുവാൻ കഴിയൂ.

ആ വലിയ തീ പിടുത്തത്തിൽ മരണമടഞ്ഞവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് എഴുതട്ടെ!

ശ്രീ ടി കെ ഉണ്ണി  "പൊതു താല്പര്യം"  എന്ന വിഷയത്തിൽ "മനസ്സിൽ" കുറിച്ച വരികൾ ഇപ്രകാരം:

വെടിക്കെട്ട് പടക്കം.!

പടക്കം പൊട്ടാനുള്ളതാണ്‌.!
അത് പൊട്ടിച്ചേ മതിയാവൂ.!
പടക്കം പൊട്ടുന്നത് കാണാനും കേൾക്കാനുമുള്ളതാണ്‌.!
അത് കാണുകയും കേൾക്കുകയും ചെയ്തേ പറ്റൂ.!
പടക്കം താനേ ഉണ്ടാവുന്നതല്ല.!
അത് നമ്മൾ ഉണ്ടാക്കുന്നതാണ്‌.!
അതിനായി പണം മുടക്കുന്നത് നമ്മളാണ്‌.!
മുടക്കുന്ന പണത്തിനു ലാഭവും മുതലും
നമുക്ക് ലഭിച്ചേ മതിയാവൂ.!
അങ്ങനെ ലഭിക്കുന്ന ലാഭവും മുതലും
നമ്മുടെ ആനന്ദമാണ്‌, ആഹ്ലാദമാണ്‌.!
നമ്മുടെ ആനന്ദലബ്ധിക്കുവേണ്ടി
നാം പണം മുടക്കുന്നത് അരുതാത്തതാണോ?
അതെങ്ങനെയാണ്‌ കുറ്റമാവുന്നത്?
ഇങ്ങിനെയൊക്കെ ഒത്തിരി കാര്യങ്ങൾ
നമുക്ക് പറയാനും തർക്കിക്കാനുമുള്ള
അവസരങ്ങളുണ്ട്.
പക്ഷെ, നാമോരോരുത്തരും
നമ്മോടൊപ്പമുണ്ടോ.?
-- ടി കെ ഉണ്ണി

നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങൾ അവിടെ രേഖപ്പെടുത്തി,
ആ കുറിപ്പിനുള്ള പ്രതികരണം പെട്ടന്ന് എന്റെ മനസ്സിൽ ഉയർന്നു വന്നത് ഞാനും അവിടെ ക്കുറിച്ചു!

അത് വീണ്ടും ഈ പോസ്റ്റിൽ കുറിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങൾ ഇതോടുള്ള ബന്ധത്തിൽ കമണ്ട് പെട്ടിയിൽ ഇടുക.
 
ആരോഗ്യകരമായ കാര്യങ്ങൾ നമുക്ക് ഒരുമിച്ചു സംവദിക്കാം.

ഒരു വിശ്വാസത്തെയും വൃണപ്പെടുത്തുന്ന തരം കുറിപ്പുകൾ കുറിക്കാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ!

ആരെയും വൃണപ്പെടുത്താതുള്ള അഭിപ്രായങ്ങൾ പങ്കു വെക്കുക.

ആരോഗ്യകരമായ ഒരു സംവാദം നമുക്കു നടത്താം. 

മലയാളം ബ്ലോഗേഴുത്തിലേക്ക് വീണ്ടും ഒരു കാൽ വെപ്പ് നടത്താനുള്ള ഒരു ചെറിയ പരിശ്രമം.  കൂടെ കൂടുമല്ലോ 

നന്ദി നമസ്കാരം


ശ്രീ ഉണ്ണിയുടെ മേൽക്കുറിച്ച വരികൾക്കുള്ള  എൻറെ പ്രതികരണം!

പുരാതനമായി നടന്നു വരുന്ന ആചാരങ്ങൾ ചിലപ്പോൾ ഒഴിവാക്കാൻ പറ്റാത്തവ ആകാം, എന്നാൽ അത് നമ്മുടെ പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നവയെങ്കിൽ അതിനൊരു മാറ്റം കണ്ടെത്തേണ്ടത്‌ നമ്മുടെയും വരും തലമുറയുടെയും നിലനിൽപ്പിനു തന്നെ ആവശ്യമത്രേ!

ഉച്ചത്തിലുള്ള വെടിക്കെട്ട്‌ വിളിച്ചു വരുത്തുന്ന ശബ്ദ ശല്യം വാക്കുകൾക്കു അതീതമത്രെ, ശബ്ദ മലിനീകരണം വലിയ ആപത്താണ് എന്നുള്ള കാര്യം നാം ഓർക്കേണ്ടതുണ്ട്, അതു വെടിക്കെട്ടയാലും ഉച്ചത്തിലുള്ള മറ്റു സംഗീത ഘോഷങ്ങൾ ആയാൽപ്പോലും അത് നമ്മുടെ ചെവികൾക്ക് താങ്ങാൻ പറ്റുകയില്ല.   ഏതാണ്ട് 90 ഡസിബൽ മുകളിലുള്ള ശബ്ദം ബധിരത ഉണ്ടാക്കും എന്നാണ് എൻറെ അറിവ്.  ഒപ്പം അത് ബധിരതയിലെക്കും വഴി തെളിക്കും എങ്കിൽ അതിൽ നിന്നും ഒഴിഞ്ഞിരിക്കുന്നതല്ലേ നല്ലത്!
Prevention is better than cure, എന്നാണല്ലോ നാമെല്ലാം പഠിച്ചിരിക്കുന്നത്!

കൃഷ്ണൻ സാർ പറഞ്ഞു,  വെടിക്കെട്ടിലൂടെ ഉതിരുന്ന പുക അന്തരീക്ഷം ശുദ്ധീകരിക്കും എന്ന്, ഒരു പരിധി വരെ അത് ശരിയാകാം പക്ഷെ എനിക്കു തോന്നുന്നത് ശുദ്ധീകരണത്തേക്കാൾ അധികം അശുദ്ധീകരണത്തിനാണ് സാധ്യത കൂടുതൽ.  നമ്മുടെ പരിസരങ്ങൾ മുഴുവനും മാലിന്യത്താൽ നിറയുകയല്ലേ അതുമൂലം സംഭവിക്കുന്നത്‌.

എന്തായാലും ഇത്തരം പ്രവർത്തികൾ ആചാരത്തിൻറെ പേരിലായാലും നമ്മുടെ വരും തലമുറയെ ബുദ്ധിഹീനരും അംഗഹീനരും ആക്കുന്ന ഒരു പ്രവർത്തിക്കു നമുക്കു കൂട്ടു നിൽക്കാതിരിക്കാം! എല്ലാം മിതമായ രീതിയിൽ ആയാൽ അതല്ലേ എന്തുകൊണ്ടും യോജ്യം.  

ഉണ്ണി മാഷ്‌ ഈ മാലപ്പടക്കത്തിനു തിരികൊളുത്തിയത് എന്തായാലും നന്നായി. മാഷ്‌ പറഞ്ഞതുപോലെ പടക്കക്കെട്ടിനെ ന്യായികരിക്കാൻ നമുക്ക് നിരവധി കാര്യങ്ങൾ നിരത്താൻ കഴിഞ്ഞേക്കാം, പക്ഷെ അത് അപകടത്തിനും നഷ്ടത്തിനും വഴി വെക്കുമെങ്കിൽ അതിൽ നിന്നും ഒഴിഞ്ഞിരിക്കുന്നതല്ലേ നല്ലത്!


അൽപ്പകാലത്തിനു ശേഷം വീണ്ടും എത്താൻ കഴിഞ്ഞതിലും ഈ ചർച്ചയിൽ പങ്കെടുക്കാൻ കഴിഞ്ഞതിലും സന്തോഷം.

എല്ലാ മിത്രങ്ങൾക്കും എൻറെ വിനീത കൂപ്പു കൈ!

ഒപ്പം ഒരു നല്ല വാരാന്ത്യം എല്ലാവർക്കും നേരുന്നു

നന്ദി നമസ്കാരം


ഫിലിപ്പ് ഏരിയൽ
സിക്കന്ത്രാബാദ് 

കൂടുതൽ പ്രതികരണങ്ങൾ വായിപ്പാൻ മനസ്സ് കൂട്ടായിമയിൽ അംഗമാകൂ 
അതിനായി  ഈ ലിങ്കിൽ അമര്ത്തുക  മനസ്സ് 
മനസ്സിൽ  ശ്രീ ഉണ്ണി കുറിച്ച വരികൾ ഞാൻ ഇവിടെ ആവർത്തിക്കുന്നു 
കരിയും കരിമരുന്നും വേണ്ടെന്നും വേണമെന്നും
പറഞ്ഞുബഹളം വെക്കുന്ന ഇത്തരുണത്തിൽ
നമ്മുടെ സുഹൃത്തുക്കൾക്ക് എന്താണ്‌
പറയാനുള്ളത് ....? പറയുമല്ലോ.!   --ഉണ്ണി 






ഒരു തുറന്ന ചർച്ചക്ക് പ്രീയ മിത്രങ്ങളെ ക്ഷണിക്കുന്നു!

സസ്നേഹം  നിങ്ങളുടെ മിത്രം 
ഫിലിപ്പ് ഏരിയൽ


ചിത്രം കടപ്പാട്: ഗൂഗിൾ 
!

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.